Thursday, March 21, 2019

പറക്കാം

അവൻ ആ കുട്ടിയുടെ കുരുന്നു ചിറകുകൾ വെട്ടി മാറ്റി ഒരു വലിയ യന്ത്രച്ചിറക് വച്ചു.
റിമോട്ടിന്റ പരിമിത പരിധിയിൽ ചിറകുകളെ നിയന്ത്രിക്കാം എന്ന ആശ്വാസത്തിൽ ആയിരുന്നു അവൻ.

മേഘങ്ങളെ വകഞ്ഞു മാറ്റി പറന്നു പൊന്താനാകാതെ മുറിച്ചു മാറ്റിയ ചിറകുകളും, യന്ത്രച്ചിറകു വെച്ച കുട്ടിയും പറക്ക മുറ്റാതെ, പരിധിയില്ലാത്ത ആകാശം സ്വപ്നം കണ്ടു.

അനീഷ്‌

Thursday, July 5, 2012

രഹസ്യം

പ്രണയ വേളയില്‍ ഞങ്ങള്‍ പങ്കിട്ട രഹസ്യങ്ങള്‍ എന്‍റെ മനസ്സില്‍ തന്നെ സൂക്ഷിച്ചു വച്ചു.

വിവാഹ ശേഷം ആ രഹസ്യങ്ങള്‍ അവളുടെ സ്വര്‍ണ്ണത്തോടോപ്പം  ഒരു പെട്ടിയിലാക്കി ലോക്കറിലേക്ക് മാറ്റി.


വീട് പണിക്കിടയില്‍ പണത്തിനായി സ്വര്‍ണ്ണം പെട്ടിയോടെടുത്  പണയവും വെച്ചു.


അനീഷ്‌

Tuesday, April 17, 2012

പത്തായം


പണ്ട് എന്റെ കയ്യില്‍ സ്നേഹം തുളുമ്പേ ഉണ്ടായിരുന്നു.
കുറച്ചു മാത്രം എടുത്തിട്ട് ബാക്കി ക്ഷാമകാലത്തേക്ക് മാറ്റി വച്ചു.
വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ ഞാന്‍ അത് പത്തായത്തിലാണ്  സൂക്ഷിച്ചു വച്ചത്.


എന്നാല്‍ ക്ഷാമകാലത്തെ വരള്‍ച്ചയില്‍, കത്തുന്ന സൂര്യന്‍ പത്തായത്തെ തന്നെ എരിച്ചു കളഞ്ഞു.

 


അനീഷ്‌

Tuesday, February 1, 2011

ബലിച്ചോറ്

അന്ന് നീ എനിക്ക് ചോറു തന്നു
പകരം ഞാന്‍ നിനക്ക് സ്നേഹം തന്നു

ഇന്ന് ഞാന്‍ നിനക്ക് ചോറായി
പകരം നീ എനിക്ക് സ്നേഹം തന്നാലും സ്വീകരിക്കാന്‍ ഞാന്‍ ഇല്ലല്ലോ?



അനീഷ്‌

Monday, September 21, 2009

ചാമ്പക്ക

എനിക്ക് ചാമ്പക്ക തിന്നാന്‍ തോന്നി.
കടകള്‍ തോറും കയറിയിറങ്ങി.
തെരുവുകള്‍ തോറും അലഞ്ഞു.
ഒന്നു പോലും കിട്ടിയില്ല.

അന്ന് രാത്രി ഞാന്‍ പിന്നോട്ട് നടന്നു.
നടന്നു നടന്നു ഒടുവില്‍ എന്‍റെ കുട്ടിക്കാലത്തെത്തി.
അവിടെ എന്‍റെ വീട്ടുമുറ്റത്ത് ഒരു ചാമ്പ മരം നിറയെ കായ്ച്ച് നിന്നിരുന്നു.


അനീഷ്‌

Monday, May 11, 2009

കുരുവിക്കൂട്‌

ഇന്ന് നമ്മള്‍ കൂട്ട് കൂടിയ ആദ്യ ദിവസം
എന്‍റെ വീടിന്‍റെ മുമ്പില്‍ ഒരു കുരുവി കൂട് വച്ചു

എന്നു കരുതി നാളെ നമ്മള്‍ പിരിയുമ്പോള്‍ ആ കുരുവി കൂട് ഉപേക്ഷിച്ച് പോകണോ ?


അനീഷ്‌

Monday, January 12, 2009

രഹസ്യപ്രണയം

" അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു "
ആവന്‍ അതാരോടും പറഞ്ഞില്ല

" അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു "
അവളും അതാരോടും പറഞ്ഞില്ല

'ശ്ശോ ! ഈ കുന്ത്രാണ്ടം !!! '


പിന്നെ ഞാനിതെങ്ങനാ അറിഞ്ഞേ ?



അനീഷ്‌

മജീഷ്യന്‍

അവന്‍ ഒരു മജീഷ്യന്‍ ആയിരുന്നു
മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും മുട്ടത്തോടില്‍ നിക്ഷേപിച്ച് ഒരു നല്ല മുട്ടയാക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു.

പക്ഷെ മുട്ടയിലെ ഉയിരിനെ തിരിച്ചു കൊണ്ടു വരാന്‍ അയാള്‍ക്ക് സാധിക്കുമോ?


അനീഷ്‌

ജീവിതം

എന്‍റെ ജീവിതത്തിന് അയാള്‍ മാര്‍ക്ക് ഇട്ടു
മാര്‍ക്കിന്‍റെ അടിയില്‍ ചുവപ്പ് മഷി കൊണ്ടു വരച്ചിരുന്നു

പക്ഷെ ഒരിക്കല്‍ കൂടി പരീക്ഷക്കിരിക്കാന്‍ അയാള്‍ എന്നെ അനുവദിച്ചില്ല


അനീഷ്‌

എന്‍റെ .....................

അവിടെയുള്ളതെല്ലാം എന്‍റെതായിരുന്നു.
ഇപ്പൊള്‍ അവിടെയുള്ളത് ഒന്നു മാത്രം.

എന്‍റെ ...

അല്ല

ഞാന്‍.

അനീഷ്‌

Tuesday, August 26, 2008

കളഞ്ഞുപോയ റിമോട്ട്

അവന്‍റെ ടി വിയുടെ റിമോട്ട് കളഞ്ഞു പോയി
അവന്‍ വെറുതെയിരുന്നു മടുത്തു
അവന്‍ അവള്‍ക്ക് ഫോണ്‍ ചെയ്യാന്‍ തുടങ്ങി
അവന്‍ അവളെ നിരന്തരം വിളിച്ചു
അവനിപ്പോള്‍ അവളോട്‌ പ്രേമമാണ്

എന്‍റെ ചോദ്യം ഇതാണ് " അവരുടെ പ്രേമത്തിന്‍റെ കാരണം റിമോട്ട് കളഞ്ഞു പോയതാണോ? "


അനീഷ്‌

Friday, August 22, 2008

മരണമണി

എന്‍റെ മനസ്സിനെ ഞാന്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുമ്പോളാണ് എനിക്ക് ചിത്തഭ്രമം വരാറുള്ളത്.
ഇന്നെനിക്കു ചിത്തഭ്രമം വന്നില്ല.

പകരം വന്നത് മരണമായിരുന്നു


അനീഷ്

Thursday, August 21, 2008

കാല്‍പാട്

എന്‍റെ അഭ്യര്‍ത്ഥന മാനിക്കാതെ അവള്‍ അവളുടെ കാല്‍പാടുകള്‍ മാത്രം ഉപേക്ഷിച്ചു യാത്രയായി

ഞാന്‍ ഇപ്പോള്‍ അവളുടെ കാല്പാടുകള്‍ പിന്‍തുടരുന്നു


അനീഷ്

നിഴല്‍

അവനു നാവുണ്ടായിരുന്നെങ്കില്‍ അവന്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.
സ്ഥായി ആയ രൂപമുണ്ടായിരുന്നെങ്കില്‍ അവന്‍ കാണിക്കുന്നത് കാണാമായിരുന്നു
എനിക്കവനെ മനസ്സിലാകുന്നില്ല.

ഞാനും എന്‍റെ നിഴലും ഇപ്പോഴും വിത്യസ്ത ധ്രുവത്തില്‍ തന്നെ


അനീഷ്

Tuesday, August 19, 2008

സ്വപ്ന ജീവി

ഞാന്‍ ഒരു സ്വപ്ന ജീവി ആയിരുന്നു
സ്വപ്നങ്ങളെ തടയിടാന്‍ ഞാന്‍ ഒരു യന്ത്രം വാങ്ങി
ഇപ്പോള്‍ ഞാന്‍ ഒരു ജീവി മാത്രം

അനീഷ്